Wednesday, 15 September 2010

മൗനം

തുറന്ന ആകാശത്തിന്റെ
കീഴില്‍ നിലക്കാത്ത
കാറ്റായി അടിച്ചു കയറിയതാണ് നീ..
തിരിച്ചു പോകുമ്പോള്‍
ഒരു കൊടുങ്കാറ്റായി
ഒന്നും നശിപ്പിക്കരുത് ...
ഒരു ഇല പോലും വീഴ്തരുത്..
ഈ പുരാതനമായ കോവില്‍ മുറ്റം
സന്ദര്ശകര്‍ക്കായി ഒരുക്കേണ്ടതുണ്ട്....

Friday, 27 August 2010

സ്പെഷലൈസേഷന്‍

ഒരു കൊച്ചുമുറി

മൂന്നായി തിരിച്ചു

മുഖമുള്ള കല്ല്‌ വെച്ചു .....

വൃദ് ധന്മാരുടെ അമ്പലം

യുവമിധുനങ്ങളുടെ അമ്പലം

ലൈംഗിക തൊഴിലാളികളുടെ അമ്പലം ..

പിന്നെ നേര്‍ച്ച തിരക്ക്

ഒരു യൌവന ഹോമം

രണ്ട് രതി ഊട്ട്

മൂന്നു വശീകരണ പ്രസാദം ..

അയാള്‍

ഒരു പ്രസാദം

മൂന്നായി എടുത്ത്

മുന്നൂര്‍പേര്‍ക്ക് വിളമ്പി ..








Thursday, 26 August 2010

ദുഃഖം

അഗാധതയില്‍ മനസു തുറന്നതിനു
ഞാന്‍ എന്നെ പഴിച്ചു
എനിക്ക് വേണ്ടത് അടക്കിപിടിച്ച
ഗദ്ഗദങ്ങള്‍ ആയിരുന്നു
ആണിയടിച്ച പ്രായശ്ചിത്തങ്ങള്‍ ആയിരുന്നു
നിയതിയുടെ ചെരിവില്‍ ഉരുകി വീഴുമ്പോള്‍
മലച്ചുപോയ അകക്കണ്ണ് ..
വിതുംബലുകള്‍ക്ക് താളമൊരുക്കി
ചുണ്ടുകള്‍ ഈണം മെനയുമ്പോള്‍
പുറത്ത് കള്ളതൊണ്ടകള്‍ കൂക്കിവിളിച്ചു ....
ഇനി പാതി വെളിച്ചം വീഴുന്ന
ഇടിഞ്ഞ ചുമരില്‍
പൊളിഞ്ഞു വീഴാറായ എന്റെ നിഴല്‍ച്ചിത്രം..


Wednesday, 25 August 2010

ഒരു അനാഥനുകൂടി ചിത ഒരുങ്ങുമ്പോള്‍ ..

ചൂട്ടു വെളിച്ചം മുനിഞ്ഞു കത്തുന്നു ..
ആളുകള്‍ പിറുപിറുക്കുന്നു..
കണ്ണെത്താത്ത ദൂരത്തോളം
എത്തിനോക്കി അവര്‍ തീരുമാനങ്ങള്‍ക്ക്
ഒത്തുകൂടുന്നു...
അനാഥന്റെ ചിതയില്‍ സനാഥന്‍
കൊള്ളി വെയ്ക്കുന്നു..
എരിഞ്ഞടങ്ങിയ ജീവന്റെ
അടങ്ങാത്ത ദാഹം
തൊണ്ട വരട്ടുന്നു .
തന്റെ വേലിക്കല്‍
മുള്ളുവേലി പണിയുന്ന
പേടിയുടെ പ്രേതങ്ങള്‍..
തന്റെ അനാഥത്വത്തിന് ചിതയൊരുക്കാന്‍
വരുന്ന സനാധനെ മറന്നു
അയാള്‍ തന്റെ ഉണ്ണിക്ക്
ചോറ് കൊടുക്കുന്നു ..
വാനോളം സ്വപ്നങ്ങളില്‍ അയാള്‍
വിയര്‍ത്തു കുളിക്കുന്നു ...
മരിക്കും മുന്‍പേ ഒരു ചാവുകുളി..

Monday, 16 August 2010

നിന്നെയോര്‍ത്ത്..

നീ എന്റെ ഹൃദയവും കൊണ്ട് പോയതെങ്ങോട്ടാ?
റോസപൂവിനു വീതിച്ചു കൊടുത്തോ?
അവള്‍ അവനും അവന്‍ അവള്‍ക്കും കൊടുക്കുന്നത്
ആ റോസാപ്പൂവിന്റെ മക്കളെയാണോ?
മഴയും വെയിലും മനസിനിക്ക് കൊടുക്കുന്നത്
പ്രളയവും വരള്‍ച്ചയും ആണ്
പ്രണയത്തില്‍ മുങ്ങി പൊങ്ങി
അല്ലെങ്കില്‍ വറ്റി വരണ്ട് ചാവാന്‍ ....





Saturday, 7 August 2010

നിനവ്

കനം തൂങ്ങിയ ചിന്തകളും
മടി തൂങ്ങിയ കണ്ണുകളുമായി
നീ പോയി ഒളിച്ചതെവിടെയാണ് ?
സ്വപ്നങ്ങളാല്‍ നാം നെയ്ത
ചിലന്തിവലയില്‍ ഞാന്‍ മാത്രം കുടുങ്ങിയോ..?
അകലുന്ന നിന്റെ മേഘജാലങ്ങളെ ഞാന്‍
പേമാരി ആക്കുമായിരുന്നു ..
ആ മഴയത്ത് ഒരു കടലാസ് തോണി ഇറക്കാമായിരുന്നു
അത് കുതിര്‍ന്നു തീരുന്നത് വരെ എങ്കിലും
നമുക്ക് ആര്‍ത്തു ചിരിക്കാംആയിരുന്നു
കൈകുമ്പിളില്‍ ഒരു മഴക്കാലം എടുത്ത്
നിന്റെ കൈയില് ‍പകരാമായിരുന്നു ..
ഇന്ന് മഴ തിമര്തപ്പോള്‍
ഞാന്‍ നിനവിന്റെ കണ്ണാടിയില്‍
നിന്നെയും നോക്കിയിരുന്നു .. ..











Wednesday, 28 July 2010

chilidhood

ഓര്‍മകളുടെ  മണ്കുടിലില്‍
ഞാന്‍ ഇന്ന് ചോര്‍ന്നു നനയുകയാണ്‌

നമ്മള്‍ നനഞ്ഞ മഴകള്‍ ഓര്‍ത്ത്.

വയല്‍ വരമ്പിലൂടെ ഓടിയപ്പോഴെകും

തീര്‍ന്നു പോയ ബാല്യം..

ഇലയില്‍ കല്ല്‌ വെച് സ്കൂളില്‍

എത്തിയത് അറിയിച്ച നിങ്ങള്‍

മനസ്സില്‍  കല്ല്‌ വെച്ചത് എപ്പോള്‍ ആയിരുന്നു..?

ചുവന്ന ബദാം കായയും  ഒരു പിടി വെള്ളത്തണ്ടും

തിമിര്‍ത്ത്‌ ഒഴുകുന്ന തോട്ടിലേക്ക്

എറിഞ്ഞു നിങ്ങള്‍ അന്നേ നടന്നിരുന്നോ?

ഓര്‍മയുടെ മുത്തുള്ള slate ഉം പെന്‍സിലും    

ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്..

പൂട്ട്‌ ഉള്ള അലൂമിനിയം പെട്ടിയില്‍....

നിങ്ങള്‍ വരുമ്പോള്‍ വീണ്ടും എഴുതാന്‍ ....

Monday, 26 July 2010

ഇ-വേസ്റ്റ്

അന്തി മൂത്ത്..സൂര്യന്‍ ചുവന്ന്..

പിന്നെ കറുത്ത് മടങ്ങി....

ഇനി രാത്രിയൊന്നു മിനുങ്ങണം ..

മൂത്രമൊഴിക്കണം.....

എന്നിട്ട്

പകയില്‍ ഒരു പകലും കൂടി ഉണരുമ്പോള്‍

മനസ്സിന്റെ ഖരമാലിന്യ സംസ്കരണത്തിന്

സെമിനാര്‍ കൂടണം..

പിന്നെ ഓര്‍മ ഉണ്ടെങ്കില്‍ ...

മകന് ഓര്‍മ കൂടുതല്‍ ഉള്ള ഒരു pendrive

വാങ്ങണം ...

അവള്‍ക്കു പാചകക്കുറിപ്പിന്റെ

വീഡിയോ വാങ്ങണം...

അവസാനം ..

തലച്ചോര്‍ എടുത്ത് ..

കമ്പ്യൂട്ടറില്‍ ഫിറ്റ്‌ ചെയ്ത്

ഇ-വേസ്റ്റ് ആക്രികള്‍ക്ക്

വില്‍ക്കണം..

Tuesday, 29 June 2010

BRAND AMBASSADOR

നിന്നെ എഴുതിക്കൊണ്ടിരിക്കുമ്പോള്‍

അറിയാതെ മഷി നിര്‍ത്തിയ എന്റെ പേന..

നിന്നെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍

അറിയാതെ അണഞ്ഞുപോയ എന്റെ വിളക്ക്

നിനക്ക് വേണ്ടി തുറന്നിട്ടും

അറിയാതെ അടഞ്ഞുപോയ എന്റെ വാതില്‍ .. ....

ഇന്ന് ഞാന്‍ അറിയാത്തതിന്റെ
brand ambassador
ആണ്

അരുതാത്തത് ആയിട്ടും നിന്നെ
അറിയിക്കാന്‍ വേണ്ടി മാത്രം ...

Wednesday, 23 June 2010

സാക്ഷ്യം

അപരാധികള്‍ വഴി തുറന്ന കവാടങ്ങള്‍
കണ്ണ് ചൂഴ്ന്നെടുത്ത അപഹാസ്യങ്ങള്‍
സുതാര്യതയെ കീറി മുറിച്ച ഇരുണ്ട മൂര്‍ച്ച
എല്ലാം..
നേരിന്റെ നേരിപ്പോടിനു മുന്നില്‍
ഓച്ഛാനിച് നില്‍ക്കും
തണുത്ത് വിറങ്ങലിച്ച് ..
തീര്‍ത്ത ശില്പങ്ങള്‍
ഒതുക്കുകല്ലിറങ്ങി
നടന്നകന്നപ്പോള്‍
ശില്പമായി മരിച്ച മനുഷ്യാ..
നിനക്കെന്റെ ഒറ്റക്കല്‍ റീത്ത്.
വിചാരം ഒരു പിടി ചാരമാകുമ്പോള്‍
വിവേകം , അതിവേഗം ആകുമ്പോള്‍
വേര് കാണാതെ സ്വയം അലയുന്നു
ഞാന്‍ ഞാന്‍ എന്നാ നാം ..

Friday, 18 June 2010

ഈച്ച

മനുഷ്യന്‍ എന്ന വൃത്തി കേടിനു മുന്നില്‍
ഈച്ച പറക്കുന്നു
ധ്രുവീകരണത്തിന്റെ .. ഭീകരവാദത്തിന്റെ ..
ആഗോളീകരണത്തിന്റെ ..
ഒരായിരം ഈച്ചകള്‍ ..
മനുഷ്യന്‍ എന്ന നിസ്സഹായതക്ക്
മുന്നില്‍ ഈച്ച പറക്കുന്നു..
പട്ടിണിയുടെ .. ചൂഷണത്തിന്റെ..
അറുകൊലകളുടെ
ഒരായിരം ഈച്ചകള്‍..
ഇവിടെ.. മനുഷ്യന്‍ പരസ്പരം
ആട്ടിയാല്‍ പോകാത്ത 'ഇരുകാലി ഷഡ്പദം'

Monday, 14 June 2010

തെരുവ് പെണ്ണ്

വിളക്ക് അണച്ച എന്റെ വീട്ടില്‍
അരക്ഷിതത്വം വാതില്‍ മുട്ടുന്നു ..
വിളക്ക്അണയാത്ത തെരുവില്‍
അരക്ഷിതത്വം മാറില്‍ മുട്ടുന്നു..
ഓര്‍മയില്‍ ..
യാത്രയില്‍ എവിടെയോ
മുഴങ്ങികേട്ട ഒരു പെണ്ണിന്റെ നിലവിളി..
അവള്‍ക്കരികില്‍
പ്രിയതമന്റെ ചുംബനം കെട്ടിവെച്ച
ഭാണ്ടക്കെട്ട് ..
ഉണര്‍ന്നപ്പോള്‍ ..
ഒഴിഞ്ഞ ഭാണ്ടവും
കെട്ടിപ്പിടിച്
കിടക്കുന്നു അവള്‍ ...
... ഒരു ചോദ്യ ചിഹ്നം പോലെ....???

Sunday, 13 June 2010

മൃത്യു ..

അന്ന് ..
അവന്‍ പറഞ്ഞു
പ്രണയത്തിന്റെ
കുഞ്ഞു ഒഴുക്കില്‍
നമുക്ക് ഒഴുകി നീങ്ങണം
അങ്ങേ അറ്റം വരെ...
ഇന്ന്..
വിരഹത്തിന്റെ
ചാവുകടലില്‍
പൊങ്ങിക്കിടക്കുന്നു
എന്റെ ജഡം...

Monday, 7 June 2010

രക്തസാക്ഷി

ഞാന്‍ ജീവിക്കുന്നത്
നിന്റെ ഹൃദയ രക്തം കൊണ്ടാണ്
ഞാന്‍ രക്തസാക്ഷിയായതും
നിന്റെ ഹൃദയരക്തത്തില്‍ കുളിച്ചാണ്.
എനിക്കത് ചുടുചോര....
നിനക്കത് കെടുചോര...
എങ്കിലും ...നന്ദി ...
നീ രക്തമായിരുന്നില്ലെങ്കില്‍
ഞാന്‍ ജനിക്കില്ലായിരുന്നു ....

Wednesday, 2 June 2010

മത്സരം

മഴവില്ല് അമ്പെയ്യുന്നു .....
എന്റെ നിറങ്ങള്‍ക്ക് നേരെ
രാത്രി ഇരുട്ടാക്കുന്നു ..
എന്റെ പകലുകളെ..
എങ്കിലും..
എന്റെ നിറങ്ങളെ നിറങ്ങളാക്കിയതും
പകലുകളെ പകലുകള്‍ ആക്കിയതും
അതേമഴവില്ലും രാത്രിയും തന്നെ..

പ്രകമ്പനം

പ്രണയത്തിന്റെ vibration
ഹൃദയം ringtone ല്‍ വെച്ചപ്പോള്‍
zero validity...

പ്രണയത്തിന്റെ vibration
ഹൃദയം silentmode
വെച്ചപ്പോള്‍
lifelong validity ..

ഭൂമി

എല്ലാം സ്വയം ഭോഗങ്ങള്‍ ആയിരുന്നു
ലൈല, കത്രീന എല്ലാം...
റിക്ടര്‍ സ്കൈലിനുംഅവളുടെ മനസറിയില്ലല്ലോ ?
രതി അവള്‍ക്ക് ഊഷരതയുടെ
അഷ്ടാവക്രനെ സമ്മാനിച്ചു..
കന്യകാത്വം കാപാലികര്‍ ചവിട്ടിതേച്ചു
ഒടുക്കം ..
ഒന്ന് ഋതുമതി ആവാന്‍ പോലും പറ്റാതെ
പാവം ഭൂമി പെണ്ണ് ....

Monday, 12 April 2010

വീണ്ടും ...

അധിനിവേശങ്ങള്‍ ,
അഭിനിവേശങ്ങള്‍ ആയിരുന്നു
അഭിനിവേശങ്ങള്‍
അധിനിവേശങ്ങളും ആയിരുന്നു ...
അതിരുകളില്‍ വഴുക്കിയതായിരുന്നില്ല ..
കൂപ്പുകുത്തിയ വീഴ്ചകള്‍ തിരിച്ചറിഞ്ഞവ തന്നെ ...
തെയ്മാനങ്ങള്‍ ആവാനോ രാകി
മിനുങ്ങാനോ നിന്നുകൊടുത്തു ...
അതിരുകള്കും അപ്പുറത് ഇപ്പോള്‍
അറിയുന്നില്ല ഒന്നും...

മഷി ...


മഷി കുടയുകയാണ്
ഇനിയുമുണങ്ങാത്ത മനസിലേക്ക്
ആവിഷ്കരണത്തിന്റെ നീലമഷി ....

മഷി കുടയുകയാണ്
പറിച്ചെടുത്ത ഹൃദയത്തില്‍ നിന്ന്
ത്യാഗത്തിന്റെ ചുവന്ന മഷി ......
ഇരുള്‍ പരക്കുംമുമ്പേ
കുടഞ്ഞു തീര്‍കണം
ജീവിതത്തിന്റെ ബഹുവര്‍ണ മഷി...
അവസാനം ഇരുള്‍ വീഴ്ത്തികൊണ്ട്
ഒരു കറുത്ത മഷി....


Tuesday, 6 April 2010

സ്വയം ..

വഴി പിരിയാന്‍ ഞാന്‍ വഴികള്‍ ഉണ്ടാക്കാറില്ല
കരയാന്‍, ചിരി എന്നോ അന്യമാണ്
കുതറിയോടാന്‍ എനിക്ക് പോയ്ക്കാലുകള്‍ ഇല്ല
അകലെയേതോ മരീചികയിലും
പൊടിക്കാറ്റു മാത്രമേ ഞാന്‍ കാണുന്നുള്ളൂ
കുന്നു കയറി കല്ലിട്ടു കളിക്കാനും
മഞ്ഞുകുപ്പായമൂരി തണുപ്പ് കൊള്ളാനും
കാനാച്ചുഴികളില്‍ മരിച്ചുനോക്കാനും
കിനാക്കള്‍ ദൂരെ എറിഞ്ഞു ...
പേടിച്ചു പോയ എന്റെ മിഴികള്‍ക്ക്
ആശ്വാസമായി വീണ്ടും മൂടുപടം വെച്ചു
ആര്‍ക്കോ വേണ്ടി അഴിക്കാതിരിക്കുന്ന
ഒരു നല്ല മൂടുപടം.. ...


Tuesday, 30 March 2010

വെറുതെ ... ....

എടുത്തു കൊടുത്തതും വെച്ച് കൊടുത്തതും
കൊണ്ടതും കൊള്ളിച്ചതും
പറഞ്ഞതും അറിയിച്ചതും
പകലില്‍ ആയിരുന്നു ......
അറിഞ്ഞത് ഏതോ
ഇരുട്ടുകളില്‍ ....
അടുത്ത് അകന്നതും
രൂപപ്പെട്ടത് ഉപേക്ഷിച്ചതും ,
അറിഞ്ഞു കൊണ്ടോ അറിയാതെയോ? ....
രാത്രിയിലോ പകലിലോ?.....

Friday, 26 March 2010

കുലം

പറയിപ്പിക്കുന്ന പറയകുലം
പ്രാകുന്ന പ്രാന്തന്മാര്‍
വിയര്‍ക്കുന്ന വൃത്തിഹീനര്‍
ഹോര്‍മോണ്‍ കുളികള്‍
വിശപ് മാറ്റി ഗുളികകള്‍
വ്യതിയാനങ്ങള്‍
വ്യഭിചാരങ്ങള്‍
ബി ടി വഴുതനങ്ങ
ഭ്രൂണങ്ങളെയും
പ്രാപിക്കുന്നവര്‍
സ്വസ്ഥം ഗൃഹഭരണം .........



Wednesday, 24 March 2010

ചില കലി കാല ചിന്തകള്‍

മനസ്സുകളിലേക്ക് ഇറങ്ങരുത്
ശരീരങ്ങളിലേക്ക് മാത്രം,
പ്രണയത്തിലേക്ക് കൂപ്പ് കുത്തരുത്,
കാമത്തിലേക്ക് മാത്രം,
നിലാവിനോട് ഏറ്റുപറയുക
എനിക്ക് ഇരുട്ടിനെ മാത്രം ഇഷ്ടം,
കാണാക്കയങ്ങളില്‍ മുങ്ങിത്താണ ആത്മാക്കള്‍ക്ക്
ആശ്രയം ഏകാന്‍ ഞങ്ങള്‍ക്ക് വയ്യെന്ന് പറയുക.
തപ്പിത്തടയുന്നവര്‍ക്ക് വീണ്ടും കെണികള്‍ ഒരുക്കുക
ഉറഞ്ഞു തുല്ലുന്നവന് മൂരച്ചവാള്‍ കൊടുകുക.
ഗതി കേട്ടവനെ വീണ്ടും ഗതി തിരിച്ച് വിടുക
വിളരിയവനെ പാണ്ടനാനെന്നു പറയുക
ശേഷവും.....
മനസ്സ് കൊടുത്ത ഏതോ സമാധാനാവുമായി
അവരും ജീവിക്കുമായിരിക്കും.......




Friday, 19 March 2010

ഒളിക്യാമറ.കോം

ആലിംഗനത്തിന്റെ ചൂടിനു
ക്യാമറയുടെ പൊള്ളലുകള്‍

താലോലിച്ച ശരീരത്തിന്
മാലിന്യ കൂമ്പാരത്തിലും വൈകൃതങ്ങള്‍
നിലവിട്ട കിടാങ്ങള്‍
ഇന്റര്‍നെറ്റ്‌ പെന്‍സില്‍ കൊണ്ട്
അശ്ലീലം വരച്ച് പഠിക്കുന്നു
തറ,പറ,പന.....
ഒടുവില്‍
'വെറും തറ ' മാത്രം ശേഷിക്കുന്നു
അശാന്തിയുടെ തുരുത്തുകളില്‍ പെണ്ണ് നഗ്നയായി നടക്കണോ?
ബിസിനസ്സുകാര്‍ ക്യാമറകള്‍ മാത്രം മാര്‍കെറ്റ് ചെയ്യണോ?
ച്വുയിംഗ് ഗം ചവക്കുന്ന ലാഘവത്തോടെ സ്വാദ് കഴിഞ്ഞാല്‍ ചവച്ച്
തുപ്പിക്കളയുന്ന കാപാലികര്‍ക്ക് അങ്ങനെയെങ്കിലും മതിയാവുമോ ആവൊ?
പാസ്സ്‌വേര്‍ഡ്‌ ഇല്ലാത്ത മെയില്‍ ഐ ഡി പോലെ
മേല്‍ വിലാസമില്ലാതെ അലഞ്ഞു നടക്കാന്‍
വിധിക്കപ്പെട്ടവരല്ല ഞങ്ങള്‍ ..
പുതിയ പുതിയ മേല്‍ വിലാസങ്ങളുമായി
ഞങ്ങള്‍ തിരിച്ചു വരും..
കലി കാലത്തിന്റെ രക്തസാക്ഷികള്‍ ആയി
കാലം കഴിക്കാന്‍ ഇനി ഞങ്ങളില്ല....

ശരീരസദ്യക്ക് ഇല നീട്ടുന്നവരെ ..
നിങ്ങള്‍ മനസുകള്‍ കാണുക....
നിങ്ങളുടെ... ..പിന്നെ ഞങ്ങളുടെ.....



Sunday, 14 March 2010

മഴ

കരഞ്ഞു തീര്‍ത്ത കണ്ണീര്‍
ഇന്നും മഴയായി മുന്നില്‍ പെയ്യുകയാണ്
ചില നിഴലനക്കങ്ങളും തിരയടികളികളും
അവശേഷിപ്പിച്ചുകൊണ്ട് ....
അനുനയിപ്പിക്കലുകള്‍
ഇടിവെട്ടുപോലെ ചെവിയില്‍ തുളച്ചു കയറുന്നു....
വേനല്‍ മഴകള്‍ മാത്രം
കൂട്ടായിരുന്ന
വരണ്ട കാലത്തിനു
കാത്തിരിപ്പിന്റെ പേമാരികള്‍ ഉണ്ടായിരുന്നു
പ്രതീക്ഷകളുമായി....
നിറഞ്ഞ സ്വപ്‌നങ്ങള്‍ പോലെ
വെളുത്ത മേഘങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു
ഭാരങ്ങളില്ലാതെ...
കാത്തിരിപ്പിന്റെ മഴനൂലുകളില്‍
പിന്നീട് നനയാന്‍ ഇറങ്ങിയപ്പോള്‍
അതിനും കണ്ണുനീരിന്റെ അതേ
ഉപ്പുരസം..
കലങ്ങിമറിഞ്ഞ സ്വപ്നവും കാലവും
ഉപ്പുനുരയുന്ന കടല്‍ തിരകള്‍ക്കു
കൊടുത്തു...
എന്നിലേക്ക്‌ അടിച്ചു കയറാന്‍ ....



Sunday, 28 February 2010

നഷ്ടം

നീ എന്നെ അറിഞ്ഞു,
ഞാന്‍ നിന്നെ അറിഞ്ഞു,
നമ്മെ നിഴല്‍ അറിഞ്ഞു.
ഞാന്‍ നിനക്ക് കുത്തി ഒലിച്ച
മനുഷ്യ വംശത്തിന്റെ മൊത്തം
മാലിന്യങ്ങള്‍ കാട്ടിത്തന്നു
നീ എന്നെ ആഴങ്ങള്‍ അറിയിച്ചു,
എന്റെ ..നിന്റെ ...ഈ ലോകത്തിന്റെ.. .....
നോവുകള്‍ പ്രണയനോവായി ഞാന്‍ പേറി
കെടുചുംബനങ്ങളില്‍ , ദുര്‍ഗന്ധ വായുവില്‍ ...
വിധിയും തടുത്തില്ല ,മനസ്സും മടുത്തില്ല
ആഗ്രഹങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ വേണ്ടല്ലോ?
തിരിഞ്ഞു നടന്ന ഏതോ ശൂന്യതയ്ക്കു ശേഷം
ഇപ്പോള്‍ ഒറ്റക്കായി മാറി.
തിരിച്ചു വിളിക്കാന്‍ ആരുമില്ലാതെ....
പിടിച്ചു നിര്‍ത്താന്‍ മനസ്സ് പോലുമില്ലാതെ......








Wednesday, 24 February 2010

സ്വത്വം

നിറങ്ങള്‍ മറന്നു നിശീഥിനി എന്നോട് ചൊല്ലിയ
കാര്യങ്ങള്‍ ഞാന്‍ പറയാം.
ദുരിതലോകത്തിന്റെ സത്യം ഞാന്‍ വീണ്ടും പറയാം
കരയിടിഞ്ഞ കടല് പോലെ
ചിറകരിയപ്പെട്ട കിളിയെ പോലെ
ആശ്രയിച്ചവന്റെ ദുഃഖം.
രണയുഗങ്ങള്‍ കലികയറി വരും
അസ്ഥിത്വം അഭയമില്ലാതെ അലയും
തിരികെട്ട വിളക്കുകള്‍ വെളിച്ചത്തിനായി കേഴും
സത്യം വിശപ്പ്‌ അടക്കുന്നത് പോലും തിന്മയുടെ വിഴുപ്പലക്കുന്ന
കൂലി കൊണ്ടാകും
വദനങ്ങളില്‍ നനുത്ത ചിരിയോ
നയനങ്ങളില്‍ നിറനിലാവോ
ഉണ്ടാവാനെ ഇടയില്ല
ഇനി ഞാനൊന്നു ചോദിക്കട്ടെ
രാക്കനവുകള്‍ക്ക് ഒരിത്തിരി സ്വൈര്യവിഹാരത്തിന്
ഞാന്‍ എന്റെ ദൃഷ്ടികള്‍ എങ്ങോട്ട് തിരിക്കും?
മുകളിലേക്കോ?
അവിടെ ചീറിപ്പായുന്ന മിസ്സൈലുകള്‍ ഉണ്ടാവും
നേരെയോ?
അവിടെ നിറയെ പച്ച ചിരികള്‍ കാണാം
താഴേക്കോ?
അവരെന്നെ ഭീരു എന്ന് കരുതും
കണ്ണുകള്‍ അടച്ചാല്‍ ....
അവരെന്നെ വെടി വെയ്ക്കും ...
ഇവിടെ എങ്ങും
കൂര്‍ത്ത മുഖവുമായ് നില്‍ക്കുന്ന
ജാഗരൂകരുടെ ചിന്തകള്‍ മാത്രം...........



Thursday, 11 February 2010

പ്രണയം

പ്രണയം പ്രളയമാണ്,.......

എല്ലാം കടലെടുത്തു കൊണ്ടുപോകും,

ചിലപ്പോള്‍ രണ്ട് ജീവിതങ്ങള്‍ വരേ

എന്നാലും അവന്‍ അവളോട് പറയും,

അതുവരെ നമുക്ക് ഒന്നിചിരിക്കാം,

ജീവിക്കേണ്ട.

പ്രണയം നിഴലുകള്‍ തമ്മിലാണ്,......

ഭൌതികതയുടെ ഭാവഭേദങ്ങളില്‍ കൂസാതെ

മനസുകള്‍ തമ്മിലൊരു നിഴലാട്ടം.

പ്രണയം ദാഹമാണ്.......

വേഴാമ്പലിന്റെ കാത്തിരിപ്പോടെ

പക്ഷെ ഒരു ജന്മം കൊണ്ടും തീര്‍ക്കാന്‍ പറ്റാത്ത ഒന്ന്.......

പെയ്തോഴിക്കാന്‍ ആവാതെ....

പെയ്തിറങ്ങാന്‍ ആവാതെ ....

പ്രണയ മേഘങ്ങള്‍ മൂടിക്കെട്ടുന്നു .... ..


Saturday, 9 January 2010

ബാക്കിയായത്

നിശീഥിനിയുടെ അര്‍ത്ഥമില്ലാത്ത
മൂകതയിലെവിടെയോ
നിന്റെ മുഖം ഞാന്‍കാണാറുണ്ടായിരുന്നു
വിഷാദത്തില്‍ ആണ്ട
എന്റെ അന്തരംഗത്തിന്
നിന്റെ കള്ളച്ചിരി ഒരു ചിറകുള്ള
സ്വപ്നമായിരുന്നു
ഹൃദയത്തില്‍ സൂക്ഷിച്ച മയില്‍‌പീലി തുണ്ടില്‍
ഞാന്‍ നിന്റെ പേരും എന്റെ പേരും മലയാളത്തില്‍ എഴുതി
ഞാന്‍ എന്നും നിന്റെ ഉപഗണം
മാത്രം ആവാന്‍ ആഗ്രഹിച്ചു


പിന്നീട്
നിന്റെ നയനങ്ങളില്‍ ധാര്‍ഷ്ട്യത്തിന്റെ
കനല്‍ആയിരുന്നു
നിന്റെ വചനങ്ങളില്‍ വിയോഗത്തിന്റെ വ്യഥ
ആയിരുന്നു
നിന്നില്‍ സ്ഫുരിചിരുന്നത് എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ കനലായിരുന്നു
ധാര്‍ഷ്ട്യത്തിന്റെ ചൂണ്ട എറിഞ്ഞ നീ എന്നോടും പ്രതികാരം ചെയ്തു, ഇറങ്ങിപോയി.
നീ പൊയ്പോയ ഭൂതകാലത്തിന്റെ വക്താവ് മാത്രമായിരുന്നു
നിറമാര്‍ന്ന
ഭാവിയെകുറിച്ച
നീ ഒന്നും ഉരിയാടിയില്ല

ഞാന്‍ അറിഞ്ഞു
നിന്റെ പ്രണയം കടലിനോട് ആണെന്ന്
അഞ്ഞടിക്കുന്ന കടലിനോട്
ആ തിരയില്‍ ഞാന്‍ പോലും വിലീനമാകുമെന്നു ഞാന്‍ ഭയന്നു
വിഫലതയുടെ ആഴങ്ങള്‍ അളക്ക്കാന്‍ മാത്രമാണോ നിന്റെ ജന്മം, എല്ലാം കൈവിട്ട് ........
അങ്ങനെ........... അങ്ങനെ................
ഇപ്പോള്‍
ഞാന്‍ നിന്റെ മുഖം ഓര്‍ക്കാറില്ല ,
ആ ഇറങ്ങിപോക്കിലെ നരച്ച ഷര്‍ട്ടും പാറിപ്പറക്കുന്ന മുടിയും മാത്രം
മരണത്തെ ആനയിക്കുന്ന കഴുമരത്തില്‍ എന്റെ പ്രണയവും തൂക്കിലെട്ടപ്പെട്ടില്ലേ?